ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്
തീരദേശമേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി കേരള സര്‍ക്കാരിന്റെ മത്സ്യബന്ധന-തുറമുഖ മന്ത്രാലയത്തിനു കീഴില്‍ പ്രവര്ത്തിക്കുന്ന പ്രത്യേക വകുപ്പാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ്. തീരദേശ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പഠനം, ആസൂത്രണം, നിര്‍വഹണം , മേല്‍നോട്ടം എന്നിവയാണ് ഈ വകുപ്പിന്റെ ചുമതല. മത്സ്യബന്ധന തുറമുഖങ്ങള്‍, ചെറുകിട തുറമുഖങ്ങള്, മത്സ്യബന്ധന കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്മ്മാണം, പരിപാലനം; മത്സ്യ വിത്തുല്പാദന കേന്ദ്രങ്ങള്‍ , മീന്‍വളര്ത്തല്‍ കേന്ദ്രങ്ങള്‍, മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങി മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍വഹണം 'തീരദേശ വിനോദസഞ്ചാരത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളുടെ നിര്‍വ്വഹണം, തീരദേശ ഗതാഗത സൗകര്യങ്ങളുടെ വികസനം എന്നിവ ഈ വകുപ്പിന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെടുന്നു
തീരദേശ വികസനത്തില്‍ പ്രത്യേക പ്രാവീണ്യം നേടിയ ഒരു വകുപ്പ് രൂപീകരിച്ചതുവഴി കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ പദ്ധതികള്ക്കുള്ള അനുമതിയും സാമ്പത്തിക സഹായവും യഥാസമയം നേടിയെടുക്കാനും അങ്ങനെ ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമായി മാറുന്നതിനും കേരളത്തിന് സാധിച്ചു. നിര്മ്മാണം നടന്നുവരുന്നതുള്‍പ്പെടെ 24 മത്സ്യബന്ധന തുറമുഖങ്ങളാണ് കേരളത്തിലുള്ളത്.
തീരദേശ പശ്ചാത്തല വികസന പ്രവര്ത്തനത്തിലെ വൈദഗ്ദ്ധ്യം കണക്കിലെടുത്ത് ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ മേഖലയില്‍ കണ്‍സള്‍ട്ടന്‍സി സേവനത്തിനുള്ള ഒരു അംഗീകൃത ഏജന്‍സിയായി ഭാരത സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരള ഫിഷറീസ് വകുപ്പിന്റെ അടിസ്ഥാന സൗകര്യ-നിര്മ്മാണ പ്രവര്ത്തനങ്ങള്‍ നിര്‍വഹിക്കുന്നതും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ്.
തീരപ്രദേശ നിര്‍മ്മാണങ്ങളുടെ, പ്രത്യേകിച്ചും പുലിമുട്ടുകള്‍ പോലെയുള്ള നിര്‍മിതികളുടെ ഗവേഷണം, രൂപകല്പ, നിര്‍വഹണം എന്നിവയ്ക്ക് പ്രത്യേക സാങ്കേതിക പരിജ്ഞാനവും അനുഭവ സമ്പത്തും ആവശ്യമാണ്. തുടര്ച്ചയായി സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന സമുദ്രതീരത്ത്, എല്ലാ പ്രശ്‌നങ്ങള്‍ക്കും പൂര്‍ണ്ണമായ സൈദ്ധാന്തിക പരിഹാരങ്ങള്‍ മുന്‍കൂട്ടി നിര്‌ദ്ദേശിക്കാനാകില്ല. പ്രത്യേക മാതൃകാ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പദ്ധതികള്‍ തയ്യാറാക്കുന്നത്. സമുദ്രതീരത്തെയും കായല്‍ തീരത്തെയും വിനോദസഞ്ചാരകേന്ദ്ര നിര്‍മ്മാണങ്ങള്‍ക്കും പ്രത്യേക പരിജ്ഞാനവും അനുഭവസമ്പത്തും ആവശ്യമാണ്. ഇക്കാരണത്താല്‍ വിനോദസഞ്ചാര വകുപ്പ് തീരദേശ ടൂറിസം പ്രവൃത്തികളുടെ നിര്മ്മാണ നിര്വ്വഹണ ഏജന്‍സിയായി ഹാര്ബര് എഞ്ചിനീയറിംഗ് വകുപ്പിനെ നിയോഗിച്ചിരിക്കുന്നു. തീരദേശമേഖലിയല്‍ പ്രത്യേകം വൈദഗ്ദ്ധ്യം വേണ്ട നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പും തങ്ങളുടെ സേവനത്തിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
നിലവില്‍ നൂതനമായ മാതൃകാ പഠനങ്ങള്‍ നിര്‍വഹിക്കുന്നതിന് ആധുനിക സോഫ്റ്റുവെയര്‍ ഈ വകുപ്പിനുണ്ട്. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അനുഭവവും പരിചയവുമുള്ള വിദഗ്ധരില്‍ നിന്നാണ് ഈ സോഫ്റ്റുവയറിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നത്. അതിനാല്‍ തന്നെ ഹാര്‍ബര്‍ നിര്‍മ്മാണം പോലെയുള്ള സങ്കീര്ണ്ണമായ നിര്‍മ്മിതികളുടെ ആസൂത്രണം കൂടുതല്‍ വേഗത്തിലും കൃത്യമായും നിര്‍വഹിക്കുന്നതിന് വകുപ്പിന് സാധിക്കുന്നു. മാത്രമല്ല, ഹാര്‍ബറുകളുടെ സമീപപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന തീരശോഷണവും തടയുന്നതിനും ആവശ്യമായ മുന്‍കരുതലുകളെടുക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.