ചരിത്രം
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് രൂപീകൃതമായത് 1982-ല്‍ ആണ്. അതിനു മുന്‍പ് തുറമുഖ വകുപ്പിന്റെ ഒരു പ്രത്യേക സാങ്കേതിക വിഭാഗമായാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് പ്രവര്‍ത്തിച്ചു വന്നത്. തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, പുതിയ മത്സ്യബന്ധന തുറമുഖങ്ങളുടെ രൂപകല്‍പ്പന - അന്വേഷണ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മത്സ്യബന്ധന മേഖലയിലേക്ക് കേന്ദ്രീകരിച്ചു.
മത്സ്യബന്ധന മേഖലയിലെ ആധുനിക നിര്‍മ്മാണങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചത് 1950-കളിലാണ്. ഇക്കാലത്ത് കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി കൊല്ലത്തിനടുത്ത് നീണ്ടകരയില്‍ 1953-ല്‍ ഒരു ഇന്‍ഡോ-നോര്‍വീജിയന്‍ പദ്ധതി ആരംഭിച്ചു. പ്രസ്തുത പദ്ധതിക്കായി നോര്‍വേയുടെ സാങ്കേതിക സഹായവും 120 ദശലക്ഷം നോര്‍വീജിയന്‍ ക്രോണറുടെ സാമ്പത്തിക സഹായവും ലഭിച്ചു.
1956-ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് വന്ന EMS നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ കേരളത്തില്‍ സമുദ്രമാര്‍ഗ്ഗേയുളള ഗതാഗതത്തിനും മത്സ്യബന്ധനമേഖലയുടെ വികസനത്തി നുമുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തീരുമാനമെടുക്കുകയും ഇതിനായി ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നീണ്ടകര, മുനമ്പം, പൊന്നാനി, ബേപ്പൂര്‍, തളി, അഴീക്കല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസ്റ്റര്‍ പ്ലാന്‍ പോളണ്ടിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സിയായ ഇന്‍ഡോപോള്‍ തയ്യാറാക്കി സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടില്‍ നീണ്ടകര, ബേപ്പൂര്‍, പൊന്നാനി ഹാര്‍ബറുകളെ തുറമുഖങ്ങളാക്കി വികസിപ്പിക്കുന്നതിനുളള ശുപാര്‍ശയും ഉള്‍പ്പെട്ടിരുന്നു.
സമുദ്ര മേഖലയിലെ പദ്ധതികളുടെ നടത്തിപ്പിന് വൈദഗ്ദ്ധ്യം നേടിയ ഒരു പ്രത്യേക വിഭാഗത്തിന്റെ അഭാവം മൂലം ഇന്‍ഡോ- നോര്‍വീജിയന്‍ പദ്ധതിയുടെ നിര്‍മ്മിതികളില്‍ പല പരിമിതികളും ഉണ്ടായി. ഇതേ തുടര്‍ന്ന് തുറമുഖ വകുപ്പിനു കീഴില്‍ ഒരു പ്രത്യേക ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം രൂപീകരിക്കപ്പെട്ടു. കല്‍ക്കത്ത തുറമുഖത്തിന്റെ രൂപകല്‍പ്പനയില്‍ പ്രധാന പങ്കു വഹിച്ച പരിചയ സമ്പന്നനായ എഞ്ചിനീയര്‍ ശ്രീ. കെ.എസ്. കൃഷ്ണനായിരുന്നു ഈ വിഭാഗത്തിന്റെ തലവനായ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍. തുടര്‍ന്ന് പല പദ്ധതികളും ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിംഗിനായി. മത്സ്യബന്ധന മേഖലയില്‍ ദ്രുതഗതിയിലുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിംഗിന്റെ പ്രവര്‍ത്തനങ്ങളും സാധ്യതകളും വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനുളള കാരണമായി. തുടര്‍ന്ന് തുറമുഖ വകുപ്പിന്റെ ഭാഗമായിരുന്ന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം വിപുലീകരിച്ച് മത്സ്യബന്ധന തുറമുഖ മന്ത്രാലയത്തിനു കീഴില്‍ ഒരു പ്രത്യേക വകുപ്പായി കമലേശ്വരം ആസ്ഥാനമാക്കി 1982-ല്‍ രൂപീകരിക്കപ്പെട്ടു. കെ. ശിവരാജവിജയന്‍ ആയിരുന്നു ആദ്യത്തെ ചീഫ് എഞ്ചിനീയര്‍.
നീണ്ടകര മത്സ്യബന്ധന തുറമുഖം കമ്മീഷന്‍ ചെയ്തതിനുശേഷം കേരളത്തിലെ ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നടത്തിപ്പും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഏറ്റെടുത്തു. ഇത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. തങ്കശ്ശേരി മത്സ്യബന്ധന തുറമുഖം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, മുനമ്പം മത്സ്യബന്ധന തുറമുഖം , കൊല്ലം പോര്‍ട്ട് തുടങ്ങി ചെറുതും വലുതുമായ നിരവധി തുറമുഖങ്ങളുടെ നിര്‍മ്മാണം ഈ വകുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ന് കേരളത്തിലെ ഒരു പ്രധാന എഞ്ചിനീയറിംഗ് വകുപ്പാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്. ഈ വകുപ്പിന് സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ആസ്ഥാനങ്ങളിലായി 3 മേഖലാ കാര്യാലയങ്ങളും തൃശ്ശൂര്‍ ഒഴികെ എല്ലാ തിരദേശ ജില്ലകളിലും ഡിവിഷന്‍ കാര്യാലയങ്ങളും, എല്ലാ തീരദേശ ജില്ലകളിലുമായി 24 സബ് ഡിവിഷനുകളും ഇന്ന് ഈ വകുപ്പിനുണ്ട്.